
കേരളത്തിലെ മുഴുവൻ പോലീസുകാർക്കും മുൻമന്ത്രി വീണാജോർജ്ജിന്റെ കേസ് ഒരുപാഠമാകേണ്ടതാണ്. വീണാജോർജ്ജിന്റെ ഗൺമാനായിരുന്ന അഭിലാഷ് എന്ന സിവിൽ പോലീസ് ഓഫീസർക്കെതിരെ നടപടിയുണ്ടാകുന്ന പശ്ചാത്തലത്തിലാണ് ഇതുപറയുന്നത്. വീണാജോർജ്ജിനെ ആയുധം കൊണ്ട് ആക്രമിച്ചു എന്ന തെറ്റായ മൊഴി നൽകി എന്ന പേരിലാണ് ഈ കേസ് അന്വേഷിക്കുന്ന സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം ഇപ്പോൾ റിപ്പോർട്ട് നൽകിയിരിക്കുന്നത്. കേരളത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ചതാണല്ലോ അന്ന് മന്ത്രിയായിരുന്ന വീണാജോർജ്ജിനെ കെ.എസ്.യു പ്രവർത്തകർ ആക്രമിച്ചു എന്ന കേസ്.
2026 ഫെബ്രുവരി 26-ാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. അന്ന് ആരോഗ്യവകുപ്പുമന്ത്രിയായിരുന്ന വീണാജോർജ്ജ് കണ്ണൂർ റെയിൽവേ സ്റ്റേഷനിലെത്തുന്നു. ഏതാനും കോൺഗ്രസ്സ് പ്രവർത്തകർ കരിങ്കൊടി കാണിക്കുന്നു. വലിയ ആൾക്കൂട്ടമൊന്നുമില്ല. വെറും അഞ്ചുപേർ. അവരെ കയ്യോടെ പോലീസ് പിടികൂടുകയും ചെയ്യുന്നു. സത്യത്തിൽ ഇവിടം കൊണ്ട് ഇത് തീരേണ്ടതായിരുന്നു.
പ്രതിഷേധപ്രകടനത്തിന്റെ ഭാഗമായി കരിങ്കൊടി കാണിക്കലൊക്കെ കാലാകാലങ്ങളായി കേരളത്തിൽ നടന്നുവരുന്നതാണ്. അതൊന്നും വലിയ ഗൗരവമായി അന്നും എടുക്കാറില്ല. പഴയ ഐസ്ക്രീം പാർലർ ആരോപണത്തിൽ സമരം നടത്തിയപ്പോൾ അന്നത്തെ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിയുടെ തലയിലേക്ക് കരിങ്കൊടി വലിച്ചെറിയുന്നതുവരെ നാം കണ്ടതാണ്. ഒരു ചെറിയ ചിരിയോടെ ആ തുണിത്തുണ്ട് എടുത്തുകളഞ്ഞ് വാഹനത്തിൽ കയറിപ്പോവുകയാണ് കുഞ്ഞാലിക്കുട്ടി ചെയ്തത്. അതാണ് വിവേകം. ഇവിടെ സംഭവിച്ചതോ? വളരെ സാധാരണമായ ഒരു സംഭവം കള്ളക്കേസിലൂടെ വലിയ അക്രമമായി ചിത്രീകരിക്കാൻ ശ്രമിച്ചു.
അഞ്ചു കെ.എസ്.യു പ്രവർത്തകരാണ് ഈ കേസിൽ അറസ്റ്റു ചെയ്യപ്പെട്ട് റിമാൻഡിലായത്. കെ.എസ്.യു കണ്ണൂർ ജില്ലാ പ്രസിഡന്റെ എം.സി. അതുൽ, പി.പി. അക്ഷയ്, ബിതുൽ ബാലൻ, സി.എസ്. മുബാസ്, അഹമ്മദ് യാസിൻ എന്നിവർ അറസ്റ്റിലായി എന്നുമാത്രമല്ല ജാമ്യം കിട്ടാതെ ഒന്നരമാസം ജയിലിൽ കിടക്കേണ്ടിയും വന്നു. ഇതിനെ കാരണമായത് മന്ത്രിയുടെ ഗൺമാനായിരുന്ന അഭിലാഷിന്റെ മൊഴിയാണ്. ഈ മൊഴിയാണ് പ്രതിഷേധക്കേസ് വധശ്രമക്കേസായി മാറ്റിയത്. ആയുധം കൊണ്ട് ആക്രമിക്കാൻ ശ്രമിച്ചു എന്നായിരുന്നു പരാതി. ആയുധം കൊണ്ട് ആക്രമിക്കാൻ ശ്രമിച്ചു എന്നു പറഞ്ഞാൽ അത് അതിഗുരുതരമായ കുറ്റമാണ്. കെ.എസ്.യു പ്രവർത്തകർക്ക് ജാമ്യം കിട്ടാതെ മാസങ്ങളോളം ജയിലിൽ കിടക്കേണ്ടി വന്നതും അതുകൊണ്ടാണ്.
എന്നാൽ ഇന്ന് ആ കേസ് എവിടെത്തി നിൽക്കുന്നു? മന്ത്രിയെ ആക്രമിക്കുന്നതു കണ്ടു എന്നു പറഞ്ഞ് ഗൺമാൻ അഭിലാഷ് ഇപ്പോൾ ഉരുണ്ടുകളിക്കുന്നു. മന്ത്രി വീണാജോർജ്ജ് പറഞ്ഞിട്ടാണ് താൻ അങ്ങനെ പറഞ്ഞതെന്ന് പറയുന്നു. പക്ഷെ അതുകൊണ്ടൊന്നും അഭിലാഷ് രക്ഷപ്പെടില്ല. കാരണം വീണാജോർജ്ജ് അങ്ങനെ പറഞ്ഞതിന് തെളിവില്ല. വീണാജോർജ്ജ് തുടക്കം മുതൽ അതീവ തന്ത്രപരമായാണ് ഈ കളിയിൽ പങ്കെടുത്തത്. പരാതി രേഖാമൂലം നൽകാൻ തയ്യാറായില്ല എന്നുമാത്രമല്ല അന്വേഷണ ഉദ്യോഗസ്ഥർ മൊഴിയെടുക്കാൻ പലതവണ ശ്രമിച്ചിട്ടും അതിൽ നിന്നൊക്കെ വിദഗ്ധമായി വഴുതിമാറുകയും ചെയ്തു. അവശത അഭിനയിച്ച് അത്യാഹിതവിഭാഗത്തിൽ കിടന്നതും അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ ഐസിയുവിലെത്തി വീണാജോർജ്ജിനെ കണ്ടതുമൊക്കെ വലിയ വാർത്താപ്രാധാന്യം നേടിയതുമാണ്.
ഓക്സിജൻ മാസ്ക്കൊക്കെ ധരിച്ച് ഐസിയുവിൽ കിടക്കുന്ന കാഴ്ച കണ്ടാൽ അത്യാസന്ന നിലയിലാണെന്ന് ആരും ധരിച്ചുപോകും. ആ ആളാണ് മൊഴിയെടുക്കാൻ പോലീസ് വരുന്നു എന്നറിഞ്ഞ് ആരുമറിയാതെ അവിടെനിന്ന് മുങ്ങിയത്. എസ്കോർട്ടും പൈലറ്റുമില്ലാതെ സ്വകാര്യ കാറിൽ പുറപ്പെട്ട് വീട്ടിലെത്തിയാണ് ശ്വാസം വിട്ടത്. പക്ഷെ അത്തരം തന്ത്രപരമായ നീക്കങ്ങളൊക്കെ അവർക്ക് ഗുണകരമായി എന്നു പറയാതെ വയ്യ. അന്ന് വല്ലതും പറഞ്ഞിട്ട് ഒപ്പിട്ടു കൊടുത്തിരുന്നെങ്കിൽ ഇന്ന് കുടുങ്ങുന്നത് ഗൺമാൻ മാത്രമാകുമായിരുന്നില്ല. പിന്നീട് അന്വേഷണ ഉദ്യോഗസ്ഥർ പല പ്രാവശ്യം ആവശ്യപ്പെട്ടശേഷമാണ് ഏറെ വൈകി മൊഴിനൽകാൻ തയ്യാറായത്. അപ്പോഴാകട്ടെ ആയുധം കൊണ്ട് ആക്രമിച്ചു എന്ന് പറഞ്ഞുമില്ല. അവിടെയും മുൻമന്ത്രി വിദഗ്ധമായി കളിച്ചു എന്നുപറയാം. ഫലത്തിൽ ഇപ്പോൾ കുടുങ്ങിയിരിക്കുന്നത് ഗൺമാൻ മാത്രമാണ്.
സത്യത്തിൽ ഇന്ന് പ്രതിസ്ഥാനത്തുനിൽക്കുന്ന അഭിലാഷ് എന്ന അന്നത്തെ ഗൺമാന് ഈ കേസിലുള്ള റോൾ എന്താണ്? ഒന്നും ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. പക്ഷെ കള്ളച്ചൂത് കളിച്ചവർ കൃത്യമായി കരുക്കൾ നീക്കി. അതിൽ രാഷ്ട്രീയക്കാരുണ്ട്. അവർ തിരശ്ശീലയ്ക്ക് പിന്നിലാണ്. ഉന്നത ഉദ്യോഗസ്ഥരുണ്ട്. ഇന്നത്തെ ഡിജിപി രവതാചന്ദ്രശേഖർ ഈ കേസിൽ നേരിട്ട് ഇടപെട്ടു എന്നു സംശയിക്കാൻതക്ക കാരണങ്ങളുമുണ്ട്. ഈ സംഭവം നടന്ന് അധികം വൈകാതെ തന്നെ വീണാജോർജ്ജിനെതിരെ പ്രതിഷേധം നടത്തിയവർക്കെതിരെ വധശ്രമത്തിന് കേസെടുക്കും എന്നു പറയുകയുണ്ടായി. ആ സമയത്ത് എഫ്.ഐ.ആർ ഇട്ടിട്ടില്ല. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചിട്ടില്ല. ഗൺമാന്റെ മൊഴി വന്നിട്ടില്ല. തന്നെ വധിക്കാൻ ശ്രമിച്ചു എന്ന് വീണാജോർജ്ജുപോലും പറഞ്ഞിട്ടില്ല. അതിനുമുമ്പാണ് കണ്ണൂരുണ്ടായ സംഭവം വധശ്രമമായിരുന്നുവെന്നും വധശ്രമത്തിന് കേസെടുക്കണമെന്നും ഡിജിപി രവതാ ചന്ദ്രശേഖർ പറഞ്ഞത്. അത് കൃത്യമായ ഒരു സന്ദേശമോ ഉപദേശമോ ആയിരുന്നുവെന്ന് മനസ്സിലാക്കാൻ പ്രയാസമില്ല. ആ പ്രസ്താവനയ്ക്ക് ശേഷമല്ലേ വധശ്രമത്തിന് കേസെടുത്തതും ഈ കോളിളക്കങ്ങളെല്ലാം ഉണ്ടാക്കിയതും. അങ്ങനെ നോക്കുമ്പോൾ ഗൺമാൻ അഭിലാഷിനെതിരെ കേസെടുക്കും മുമ്പ്, കേസെടുക്കേണ്ടത് ഡിജിപി രവതാ ചന്ദ്രശേഖരന് എതിരെയല്ലേ?
പക്ഷെ കേസെടുക്കില്ല. ഡിജിപി രേഖാമൂലം ഉത്തരവു നൽകാത്തിടത്തോളം കാലം അദ്ദേഹത്തിന്റെ പേരിൽ നിയമപരമായി കേസെടുക്കാൻ കഴിയില്ല. പക്ഷെ ധാർമ്മികമായി നോക്കിയാൽ ഈ കേസിന്റെ സൂത്രധാരൻ തന്നെ അദ്ദേഹമല്ലേ? ഒരുപക്ഷേ അദ്ദേഹത്തിനും രാഷ്ട്രീയ രംഗത്തുനിന്നും നിർദ്ദേശം ലഭിച്ചിട്ടുമുണ്ടാകാം. പക്ഷെ അതൊന്നും പുറത്തുവരില്ല. നമ്മുടെ രാഷ്ട്രീയ നേതാക്കളുടെയും ഉയർന്ന പോലീസ് ഉദ്യോഗസ്ഥരുടെയും തന്ത്രമാണിത്. ഇത് ഒരു രാഷ്ട്രീയപ്രസ്ഥാനത്തിന്റെ മാത്രം രീതിയാണെന്നും കരുതേണ്ട. എല്ലാവരും ഇക്കാര്യത്തിൽ ഒരുപോലെയാണ്. സാധാരണ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചാണ് ഇവർ സ്വന്തം തട്ടകം സുരക്ഷിതമാക്കി നിർത്തുന്നത്. ആത്യന്തികമായി ഇവരെല്ലാം ഒരേ തൂവൽപക്ഷികൾ തന്നെ. പ്രശ്നങ്ങൾ വരുമ്പോൾ പരസ്പരം സഹായസഹകരണ സംഘമാകും. അല്ലാത്തപ്പോൾ തമ്മിലടിച്ച് ജനങ്ങളെ വിഡ്ഢികളാക്കും.
മറ്റൊരുദാഹരണം പറയാം. ആലപ്പുഴയിൽ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ചവരെ തല്ലിച്ചതച്ചതും അനുബന്ധസംഭവങ്ങളും നമുക്കറിയാം. മുഖ്യമന്ത്രി രക്ഷാപ്രവർത്തനം എന്നു വിശേഷിപ്പിച്ച് വഴിതിരിച്ചുവിട്ട കേസ് പുതിയ സർക്കാർ അധികാരത്തിൽ വന്നപ്പോൾ എന്തായിരുന്നു ബഹളം? കേസ് പുനരന്വേഷണം നടത്തുന്നു, ഞങ്ങളുടെ കുഞ്ഞുങ്ങളെ ഉപദ്രവിച്ചവരെ വെറുതെ വിടില്ലെന്ന് മുഖ്യമന്ത്രി നേരിട്ട് പ്രഖ്യാപിക്കുന്നു, അന്വേഷണം തകൃതിയായി നീങ്ങുന്നു, ഒരുപാട് തലകൾ ഉരുളുമെന്ന് മാധ്യമങ്ങൾ വാർത്ത ചമയ്ക്കുന്നു, പുതിയ അന്വേഷണത്തിൽ കുറ്റവാളികൾ ശിക്ഷിക്കപ്പെടുമെന്ന് ജനം പ്രതീക്ഷിക്കുന്നു, പക്ഷെ നടന്നതോ ഈ കേസിൽ ആദ്യം മുതൽ അനധികൃതമായി ഇടപെടുകയും കേസ്സുതന്നെ അട്ടിമറിക്കുകയും ചെയ്തു എന്ന് കരുതപ്പെടുന്ന മുൻ എഡിജിപി അജിത് കുമാറിൽ തട്ടി കേസ് നിന്നു. അജിത് കുമാറിന് പേരിനൊരു സസ്പെൻഷൻ. സസ്പെൻഷൻ എന്നത് വകുപ്പുതല നടപടിയുടെ ആദ്യഭാഗമാണ്. പിന്നീട് നടന്ന അന്വേഷണത്തിലാണ് കുറ്റകൃത്യത്തിന്റെ വസ്തുതയും വ്യാപ്തിയും വെളിവാകുന്നത്. പക്ഷെ എവിടെ അന്വേഷണം? ഒന്നും നടന്നില്ല-നടക്കുകയുമില്ല. മുൻ എഡിജിപിയെ കാണാൻ പോലും അന്വേഷണ ഉദ്യോഗസ്ഥർക്ക് കഴിയുന്നില്ല. അദ്ദേഹം തീർത്ഥാടനത്തിലാണത്രെ.
ഐപിഎസ് ഉദ്യോഗസ്ഥൻ സസ്പെൻഡു ചെയ്യപ്പെട്ടാൽ മുപ്പതു ദിവസങ്ങൾക്കകം കുറ്റപത്രം കൈമാറണം എന്നാണ് ചട്ടം. ഈ കേസിൽ ഇതുവരെ കുറ്റപത്രം കൈമാറാൻ കഴിഞ്ഞിട്ടില്ല. ആളിനെ കണ്ടിട്ടുവേണ്ടേ കുറ്റപത്രം കൊടുക്കാൻ. കണ്ടില്ലെങ്കിലും മറ്റു മാർഗ്ഗങ്ങളുണ്ട്. പക്ഷെ അതൊന്നും ഈ ഐപിഎസ്സ് ഓഫീസറുടെ കാര്യത്തിൽ ചെയ്യില്ല. കാരണം ഇത് എല്ലാവരും ചേർന്നുള്ള ഒരു കളി തന്നെയാണ്. ഉന്നത ഉദ്യോഗസ്ഥർക്കും അവരെ നയിക്കുന്നവർക്കുമൊക്കെ ഇതിന്റെ നിയമവശങ്ങൾ അറിയാത്തതല്ല. ആഭ്യന്തരമന്ത്രാലയവും എല്ലാം അറിഞ്ഞിട്ടുണ്ടാകും. പക്ഷെ അവരും അർത്ഥഗർഭമായ മൗനം പാലിക്കുകയാണ്. ഇപ്പോൾ സസ്പെൻഷൻ നാലുമാസംകൂടി നീട്ടിയിട്ടുമുണ്ട്. നോക്കുക-മുൻ ഗവൺമെന്റ് ഉണ്ടായിരുന്നപ്പോൾ ഉണ്ടായ കേസാണ്. ഇന്നു ഭരിക്കുന്ന കക്ഷിയുടെ പാർട്ടിക്കാർക്കാണ് മർദ്ദനമേറ്റത്. ആ കേസ് വെറുതെ വിടില്ല എന്നാണ് മുഖ്യമന്ത്രി നേരിട്ട് പ്രഖ്യാപിച്ചത്. എന്നിട്ടോ? മുൻ ഡിജിപിക്ക് എല്ലാ സഹായങ്ങളും കൊടുത്ത് ഈ സർക്കാർ തന്നെ സംരക്ഷിക്കുന്നു. ഉന്നതതലങ്ങളിൽ ഇവരെല്ലാം ഒരേ തൂവൽ പക്ഷികളാണെന്ന് പറഞ്ഞത് വെറുതെയല്ല. അനുഭവമാണ്.
ഇനി ഇക്കാര്യത്തിൽ എന്താണ് സംഭവിക്കാൻ പോകുന്നതെന്നു എല്ലാവർക്കുമറിയാം. നിയമാനുസൃതം കുറ്റപത്രം ലഭിച്ചിട്ടില്ല എന്നുപറഞ്ഞ് മുൻ എഡിജിപി കോടതിയെ സമീപിക്കും. കോടതിക്ക് മുമ്പിലും മറ്റു വഴികളില്ല. നിയമങ്ങളും ചട്ടങ്ങളും പാലിക്കാതെ സസ്പെൻഷനിൽ തുടരണമെന്ന് ഒരു കോടതിയും പറയില്ല. കോടതിയിൽ നിന്നും അനുകൂല ഉത്തരവുണ്ടാക്കി വീണ്ടും സർവീസിൽ കേറും. എല്ലാ ആനുകൂല്യങ്ങളും വാങ്ങി സുഖമായി റിട്ടയർ ചെയ്യുകയും ചെയ്യും. ഇതൊക്കെയാണ് നടക്കുന്നതും ഇനി നടക്കാൻ പോകുന്നതും. എന്നാൽ ഇത്തരം കളികൾ ഉന്നത വൃത്തങ്ങളിൽ മാത്രമേ നടക്കൂ. അതിനുള്ള സംവിധാനവും സമവായത്തിന്റെ ആൾക്കാരും അവിടെയാണ് ഉള്ളത്.
വീണാജോർജ്ജിന്റെ കേസിലേക്ക് വരുമ്പോഴും അവസ്ഥ ഇതുതന്നെയാണ്. ഐസിയുവിൽ കിടന്നതോ അവശനാടകം കളിച്ചതോ ഒന്നും കോടതിക്ക് മുമ്പിൽ തെളിവല്ല. അതുകൊണ്ടുതന്നെ ഈ കേസിൽ അണിയറയിൽ ഇരുന്ന് ചരടുവലിച്ച രാഷ്ട്രീയ നേതൃത്വവും അരങ്ങത്തും അണിയറയിലുമായി ചുവടുമാറ്റി കളിച്ച എഡിജിപി രവതാ ചന്ദ്രശേഖറുമൊക്കെ രക്ഷപെടും. തൽക്കാലം കുടുങ്ങുന്നത് ഗൺമാനായിരുന്ന അഭിലാഷ് മാത്രമാണ്. പക്ഷെ അഭിലാഷ് എന്ന വ്യക്തിക്ക് ഇതിൽ പ്രത്യേക താൽപ്പര്യമോ നേട്ടമോ ഇല്ലെന്ന് എല്ലാവർക്കുമറിയാം.
ആരുടെയൊക്കെയോ ചരടിൽ തുള്ളിയ പാവമാത്രമാണ് ആ മനുഷ്യൻ. പക്ഷെ അദ്ദേഹത്തെ ബലിയാടാക്കി ബാക്കിയുള്ളവർ സമർത്ഥമായി രക്ഷപ്പെടുന്നു എന്നതാണ് ഈ കഥയുടെ യഥാർത്ഥ വശം. ഈ കേസും ഇപ്പോൾ ഒരുനിർണ്ണായക ദിശയിലാണ്. നേരത്തെ എടുത്ത കേസ് നിലവിലുള്ളപ്പോൾ തന്നെയാണ് വീണാജോർജ്ജിനെ ആക്രമിച്ചു എന്ന കേസ് കെട്ടിച്ചമച്ചതാണെന്നും വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കണ്ണൂർ എം.എൽ.എ ടി.ഒ മോഹനൻ ആഭ്യന്തരവകുപ്പിന് പരാതി നൽകിയത്. പരാതി ലഭിച്ച സമയത്തുതന്നെ ആഭ്യന്തരവകുപ്പ് ഉടനടി നടപടിയെടുക്കുകയും ചെയ്തു. ഒരു സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിനെ (എസ്.ഐ.ടി) നിയമിച്ച് വിശദമായ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. ഈ അന്വേഷണസംഘത്തോടാണ് ഇപ്പോൾ വീണാജോർജ്ജിന്റെ ഗൺമാൻ മൊഴിമാറ്റി പറഞ്ഞിരിക്കുന്നത്.
വീണാജോർജ്ജിന്റെ നിർദ്ദേശപ്രകാരമാണ് താൻ അന്ന് പരാതി നൽകിയതെന്നാണ് അഭിലാഷ് പറയുന്നത്. അത് സത്യമാണെങ്കിലും തെളിവില്ലാത്തതുകൊണ്ട് അതിന്റെ പേരിൽ നടപടിയെടുക്കാൻ എസ്ഐടിക്ക് കഴിയില്ല. ഗൺമാൻ മൊഴിമാറ്റിയതോടെ കേസ് മറ്റൊരു വഴിത്തിരിവിലെത്തി എന്നും പറയാം. പക്ഷെ പോലീസ് ഈ മൊഴി മുഖവിലയ്ക്കെടുക്കുമോ എന്നു കണ്ടറിയണം. ഈ കേസും ഇവിടംകൊണ്ടൊക്കെ തീരാനാണ് സാധ്യത. കാരണം നേരത്തെ സൂചിപ്പിച്ചതുതന്നെ. ഉന്നത തലങ്ങളിലുള്ള കൂട്ടായ്മ ശക്തമാണ്. മുൻഗൺമാൻ അഭിലാഷിനെ ബലിയാടാക്കി എറിഞ്ഞുകൊടുത്തിട്ട് മറ്റുള്ളവർ സുരക്ഷിത സ്ഥാനങ്ങൾ തേടിപ്പോകാനാണ് സാധ്യത. പിന്നെയുള്ളത് കോടതിയാണ്. ലഭ്യമായ അഥവാ പോലീസ് നൽകുന്ന തെളിവുകൾക്കകത്തുനിന്നുകൊണ്ട് എത്രത്തോളം സാധ്യത കോടതിക്കുണ്ടെന്ന് അറിയില്ല. അഭിലാഷിൽ തുടങ്ങി അഭിലാഷിൽ തന്നെ ഈ കേസ് തീരുമോ എന്നാണ് കേരളം ഇപ്പോൾ ഉറ്റുനോക്കുന്നത്.










